ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള വിവാദങ്ങളും അന്വേഷണങ്ങളും എങ്ങുമെത്താതിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയമായും സാമൂഹികമായും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേടുകളും പുറത്തുവന്നിരിക്കുകയാണ്. വിശ്വാസികളുടെ വികാരങ്ങളെയും ശബരിമല എന്ന പുണ്യസങ്കേതത്തെയും മുന്‍നിര്‍ത്തി നടത്തുന്ന ആഘോഷങ്ങള്‍പോലും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വേദിയാക്കി മാറ്റുന്നത് ജനാധിപത്യ കേരളത്തിന് നാണക്കേടാണ്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരെ വിരല്‍ചൂണ്ടുന്നത് ഗുരുതരമായ ക്രമക്കേടുകളിലേക്കാണ്. ഭക്തിയുടെ മറവില്‍ ഖജനാവ് ചോര്‍ത്തുന്ന രീതി അക്ഷന്തവ്യമായ അപരാധമാണ്. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ ഓരോ കണ്ടെത്തലുകളും ഞെട്ടിക്കുന്നതാണ്. പന്തല്‍ നിര്‍മ്മാണം മുതല്‍ കലാപരിപാടികള്‍ വരെ നീളുന്ന അഴിമതിയുടെ ശൃംഖലയാണ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. പന്തല്‍ നിര്‍മ്മാണവും മരാമത്ത് പണികളും മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതിലൂടെ സുതാര്യത പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു. എന്തുകൊണ്ട് കൃത്യമായ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്തു ശതമാനം അധിക തുകക്ക് കരാര്‍ നല്‍കിയത്. കണക്കുകളില്‍ ജി.എസ്.ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ഉപകരാര്‍ നല്‍കിയതില്‍ കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരാറുകള്‍ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകള്‍ ഒന്നും ശരിയല്ലെന്നും ഓഡിറ്റര്‍ക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
രണ്ട് ലക്ഷം രൂപ നിശ്ചയിച്ചിരുന്ന കലാപരിപാടികള്‍ക്ക് എട്ട് ലക്ഷം രൂപ ചെലവായത് ഏത് ഗണിതശാസ്ത്രം ഉപയോഗിച്ചാണെന്ന് പരിശോധിക്കപ്പെടണം. ജി.എസ്.ടി രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത ബില്ലുകള്‍ ഹാജരാക്കിയത് അഴിമതിക്ക് തെളിവാണ്. അയ്യപ്പ സംഗമത്തിന്റെ അന്ന് രാത്രി 3000 പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാല്‍, 500ല്‍ താഴെ ആളുകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഭക്ഷണം കഴിച്ചത്. സംഗമം ദിവസം ഉച്ചക്ക് 5000 പേര്‍ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാല്‍, സംഗമത്തില്‍ ആകെ നാലായിരം പേര്‍ മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. രണ്ട് കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ വിവരങ്ങള്‍ മറച്ചുവെക്കുന്നത് ആരെ സംരക്ഷിക്കാനാണ്? ഭക്തര്‍ നല്‍കുന്ന ഓരോ പൈസക്കും കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ട ബോര്‍ഡ്, ഉപകരാറുകള്‍ ഓഡിറ്റിംഗില്‍ നിന്ന് ഒളിപ്പിച്ചത് ദുരൂഹമാണ്. ഹോട്ടല്‍ ബില്ലുകളില്‍ പലതിലും ജി.എസ്.ടി നമ്പര്‍ ഇല്ല. അതിനാല്‍ ഇന്‍പുട്ട് ക്രെഡിറ്റ് ആയി കിട്ടേണ്ട തുക വാങ്ങാനാവില്ല. ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ തിരിച്ചടച്ചില്ലെ ന്നും രണ്ടു കോടിയുടെ സ്‌പോണ്‍സര്‍ ആരെന്നതില്‍ അവ്യക്തതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ദേവസ്വം ഫണ്ടില്‍ നിന്ന് എടുത്ത തുക തിരിച്ചേല്‍പിച്ചു എന്ന ദേവസ്വം മന്ത്രിയുടെ നിയമസഭയിലെയും പൊതുവേദിയിലെയും പ്രസ്താവനകള്‍ പച്ചക്കള്ളമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് കോടി രൂപ തിരിച്ചടച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രിക്ക് ഈ വിഷയത്തില്‍ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനാവില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്നാണ് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ മാസം 28നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ യഥാര്‍ത്ഥ വിവരം സഭയില്‍നിന്ന് മറച്ചാണോ മറുപടി നല്‍കിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
ശബരിമലയിലെ സ്വര്‍ണ്ണമോഷണ വിവാദത്തിന് പിന്നാലെ ഉയര്‍ന്നുവന്ന ഈ ക്രമക്കേടുകള്‍ അയ്യപ്പഭക്തരുടെ വിശ്വാസത്തിന്മേലുള്ള കനത്ത പ്രഹരമാണ്. സി.പി.എമ്മും സര്‍ക്കാരും ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം കുറ്റകരമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ദേവസ്വം ബോര്‍ഡിനെ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്ഷേത്രങ്ങളിലെ പണം ഭക്തരുടെ ക്ഷേമത്തിനും ക്ഷേത്ര പരിപാലനത്തിനുമാണ് ഉപയോഗിക്കേണ്ടത്. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇഷ്ടക്കാര്‍ക്കും വീതം വെക്കാനുള്ളതല്ല. ഹൈക്കോടതിയുടെ ഇടപെടലിലൂടെ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാവണം. അല്ലെങ്കില്‍, ‘ആഗോള സംഗമം’ എന്നത് ആഗോളതലത്തിലുള്ള അഴിമതിയുടെ പര്യായമായി മാറാന്‍ അധികകാലം വേണ്ടിവരില്ല.
കോടതിയുടെ കര്‍ശന നിരീക്ഷണവും നിര്‍ദ്ദേശങ്ങളും നിലനില്‍ക്കുമ്പോള്‍ പോലും ഇത്തരത്തിലുള്ള ധിക്കാരപരമായ ക്രമക്കേടുകള്‍ നടക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും ധാര്‍ഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ശബരിമലയെ വെറും വരുമാന സ്രോതസ്സായി മാത്രം സര്‍ക്കാര്‍ കാണുന്നു എന്ന വികാരം ഭക്തര്‍ക്കിടയില്‍ ശക്തമാണ്. അഴിമതിക്കെതിരെ സംസാരിക്കുന്നു പറയുന്ന ഒരു പാര്‍ട്ടി തന്നെ അഴിമതി നേരിട്ട് നടത്തുകയാണ്. കൃത്യമായ ഓഡിറ്റിംഗോ ജി.എസ്.ടി ബില്ലുകളോ ഇല്ലാതെ കോടികള്‍ ചെലവഴിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുന്നതിന് തുല്യമാണ്. സുതാര്യതയും സത്യസന്ധതയും ഇല്ലാത്ത ഭരണം ജനമനസ്സുകളില്‍ സ്ഥാനം പിടിക്കില്ല. കോടതി ഇടപെട്ടിട്ടും ഭയം ഇല്ലാതെ കട്ടെടുക്കുന്നത് ഭരണകൂടം നേരിടുന്ന വന്‍ ധാര്‍മ്മിക തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.