kerala

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ഡെ.സ്പീക്കര്‍ തിരഞ്ഞെടുപ്പ് രാവിലെ ഒമ്പതിന്

By Akhila

June 02, 2026

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ചോദ്യോത്തര വേള ഒഴിവാക്കിയിട്ടുള്ള ഇന്നത്തെ സഭാ നടപടികളില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് പ്രധാനം. ഭരണപക്ഷമായ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അംഗം അരൂര്‍ എം.എല്‍.എ ഷാനി മോള്‍ ഉസ്മാനും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി പട്ടാമ്പി എം.എല്‍.എയും സി.പി.ഐ അംഗവുമായ മുഹമ്മദ് മുഹ്‌സിനുമാണ് മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സി.പി.ഐ നിയമസഭാ കക്ഷി നേതാവ് കെ. രാജന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് മുഹമ്മദ് മുഹ്‌സിന്‍ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സഭയില്‍ യു.ഡി.എഫിന് 102 എം.എല്‍.എമാരുടെ വ്യക്തമായ പിന്തുണയുള്ളതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപം എം.വിന്‍സെന്റ്‌റ് സഭയില്‍ അവതരിപ്പിക്കും. ഇതിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും നാളെയും മറ്റന്നാളുമായി സഭയില്‍ നടക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 19നായിരിക്കും അവതരിപ്പിക്കുക.