എറണാക്കുളം: കൊച്ചിക്ക് സമീപം കുമ്പളത്ത് പ്ലാസ്റ്റിക്ക് വീപ്പക്ക് അകത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. 10 മാസം പഴക്കമുളള മനുഷ്യന്റെ അസ്ഥികൂടം വീപ്പക്കകത്ത് കോണ്‍ഗ്രീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. കായലില്‍ നിന്നും കിട്ടിയ വീപ്പക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പൊലീസിലെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ വീപ്പ തുറന്ന് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

10 മാസം മുന്നേ കായലില്‍ ഒഴുകി നടന്ന വീപ്പ മല്‍സ്യത്തൊഴിലാളികള്‍ കരയ്ക്ക് എത്തിക്കുകയായിരുന്നു. 2 മാസം മുന്‍പാണ് തൊഴിലാളികള്‍ വീപ്പ കരക്ക് എത്തിച്ചത്. തുടര്‍ന്ന് വീപ്പയില്‍നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങുകയായിരുന്നു. ദുര്‍ഗന്ധം കടുത്തതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മനുഷ്യ ശരീരം വീപ്പയ്ക്കുളളില്‍ ആക്കി പിന്നീട് കോണ്‍ക്രീറ്റ് ഇട്ട് അടക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

മനുഷ്യ ശരീരത്തിന് മുകളില്‍ ഇഷ്ടിക വെച്ച് അതിനു മുകളില്‍ കോണ്‍ക്രീറ്റ് ഇട്ട് അടച്ച നിലയിലായിരുന്നു വീപ്പ. വീപ്പയ്ക്ക് അകത്തുനിന്നും നിരോധിച്ച 500 രൂപ നോട്ട് 3 എണ്ണവും ഒരു 100 രൂപ നോട്ടും കണ്ടെടുത്തു. അഴുകിയ നിലയില്‍ തുണി കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് വ്യക്തമായിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷം മാത്രമേ കൂടതല്‍ കാര്യങ്ങള്‍ വ്യക്തമാവൂവെന്ന് പൊലീസ് അറിയിച്ചു.