ന്യൂഡല്‍ഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുമ്പോള്‍, ചൈന ഇന്ത്യയെ മറികടന്നു മുന്നേറുന്നതായി തുറന്നടിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാറിനെതിരെ ട്വിറ്ററിലൂടെയാണ് രാഹുല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാര്‍ട്ട് സിറ്റിക്കായുള്ള 9,860 കോടി പദ്ധതിയുടെ 7% മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ. നിങ്ങളുടെ മാസ്റ്റര്‍ ഞങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ നമ്മളെ മുന്നേറി മത്സരിക്കുകയാണ് ചൈന. ദയവായി നിങ്ങള്‍ ഈ വീഡിയോ കണ്ട്, ഇന്ത്യക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തെ ഉപദേശിക്കുക. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ചൈനയുടെ വളര്‍ച്ച വ്യക്തമാക്കുന്ന വീഡിയോയാണ് രാഹുല്‍ ഷെയര്‍ ചെയ്തത്. #BJPEmptyPromises എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കേവലം ഒരു മല്‍സ്യബന്ധന ഗ്രാമത്തില്‍നിന്ന് ലോകമറിയുന്ന മെഗാസിറ്റിയായി വളര്‍ന്ന ചൈനയിലെ ഷെന്‍ജെന്‍ ഗ്രാമത്തെ സംബന്ധിച്ച ഡോക്യുമെന്ററിയാണ് വീഡിയോ.