മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനത്തിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റുമോട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം മര്‍ദനത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിച്ചുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റതിന് പിന്നാലെ മാണൂര്‍ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്.
തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരാണ് അബ്ദുല്ലത്തീഫിനെ മര്‍ദിച്ചത്. ബസ് കാത്തുനിന്ന യാത്രക്കാരെ ഓട്ടോറിക്ഷയില്‍ കയറ്റിയത് ചോദ്യം ചെയ്ത് മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഓട്ടോറിക്ഷയോടിച്ച് അബ്ദുല്‍ ലത്തീഫ് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ പിടിബി ബസിലെ മൂന്ന് ജീവനക്കാരെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
അബ്ദുല്ലത്തീഫിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഒതുക്കുങ്ങല്‍ നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോട്ടത്തിന് ശേഷം അബ്ദുല്ലത്തീഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.