crime

രണ്ട് ദിവസം മുമ്പ് പരിചയപ്പെട്ട ആളുടെ വീട്ടില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

By Test User

November 15, 2020

ഇടുക്കി: രണ്ട് ദിവസം മുന്‍പ് പരിചയപ്പെട്ട ആളുടെ വീട്ടില്‍ ദീപാവലി ആഘോഷിക്കാനെത്തിയ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. അമരാവതി പറങ്കിമാമൂട്ടില്‍ സജീവനെ (55) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടുക്കി ഒട്ടകത്തലമേട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ബാലകൃഷ്ണന്റെ താമസ സ്ഥലത്താണ് സജീവന്‍ മരിച്ചത്. കഴുത്തില്‍ മുറിപ്പാടുണ്ട്.

ചക്കുപള്ളത്ത് ഏലത്തോട്ടത്തില്‍ പണിക്കെത്തിയ ബാലകൃഷ്ണനെ രണ്ട് ദിവസം മുന്‍പാണ് സജീവന്‍ പരിചയപ്പെട്ടത്. ദീപാവലിയാഘോഷത്തിന് സജീവനെ ബാലകൃഷ്ണന്‍ വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ചാണ് സജീവന്‍ ബാലകൃഷ്ണന്റെ വീട്ടില്‍ എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ബാലകൃഷ്ണനും സജീവനും പുറത്തേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ സജീവന്‍ വിളിച്ചിട്ട് ഉണരുന്നില്ലെന്ന് പറഞ്ഞ് ബാലകൃഷ്ണന്‍ അയല്‍വാസികളെ സമീപിച്ചു. സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് കഴുത്തില്‍ സംശയാസ്പദമായ വിധത്തില്‍ മുറിപ്പാട് കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബാലകൃഷ്ണനും ഭാര്യയും നിരീക്ഷണത്തിലാണ്.