kerala

എഡിഎമ്മിന്റെ മരണം: ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി.പി ദിവ്യയെന്ന് കണ്ടെത്തൽ

By webdesk14

October 24, 2024

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. ചടങ്ങില്‍ ദിവ്യയുടെ പ്രസംഗം ചാനല്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ വീഡിയോയാണ് പ്രചരിച്ചത്. ഈ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനു പിന്നില്‍ പി പി ദിവ്യക്ക് പങ്കുണ്ടെന്നാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷക്കെതിരായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവീൻ ബാബുവിന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.