kerala

എഡിഎമ്മിന്‍റെ നവീൻ ബാബുവിന്‍റെ മരണം; കുടുംബത്തിന്‍റെ ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർക്കും ടി.വി. പ്രശാന്തിനും നോട്ടീസ്

By webdesk13

December 03, 2024

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ കണ്ണൂർ ജില്ല കളക്ടർക്കും ,ടി. വി പ്രശാന്തിനും നോട്ടീസ് അയക്കാൻ ഉത്തരവ്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹർജിയിലാണ് ഉത്തരവ്.

കേസ് ഡിസംബർ 10 ന് വീണ്ടും പരിഗണിക്കും . നവീൻ ബാബുവിന്‍റെ ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിലാണ് ഉത്തരവ്. രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ കേസന്വേഷണം വേറെ ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയാണെങ്കിൽ തെളിവുകൾ കിട്ടാതാകുമെന്ന വാദവുമായാണ് ഹർജി ഫയൽ ചെയ്തത്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പ‍ഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്‍റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി. പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.