Video Stories

എഡിഎമ്മിന്റെ മരണം; ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും

By webdesk17

October 24, 2024

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. കലക്ടര്‍ അടക്കമുള്ളവരുടെ മൊഴി ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. റവന്യൂ മന്ത്രി തലസ്ഥാനത്ത് ഇല്ലാത്തതിനാല്‍ ഓഫീസിലായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റവന്യൂ മന്ത്രി കെ രാജന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും.

എഡിഎം കൈക്കൂലി വാങ്ങി എന്നതില്‍ തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയിട്ടില്ല എന്നാണ് വിവരം. പി. പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തിലും റിപ്പോര്‍ട്ട് നിര്‍ണായകമാകും.

പിപി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എഡിഎമ്മിന് അവധി നല്‍കിയിരുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണവും കലക്ടര്‍ തള്ളിയിരുന്നു.