kerala

ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

By webdesk17

August 10, 2025

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നാണ് സതീഷ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. എയര്‍പോര്‍ട്ട് അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ക്രൈംബ്രാഞ്ചാണ് അതുല്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്.

അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാന്‍ ലോക്കല്‍ പൊലീസിന് പരിമിതികളുള്ളതുകൊണ്ടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തിരുന്നു.

എന്നാല്‍, ഷാര്‍ജയില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫലം വരാനുണ്ട്. സതീഷിനെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്ത് കുടി അന്വേഷിക്കേണ്ട കേസായതിനാലാണ് ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. സതീഷിനായി ലുക്ക്ഔട്ട് നോട്ടീസിറക്കി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തില്‍ വെച്ച് ഇന്ന് രാവിലെ പിടിയിലാകുന്നത്.