ദില്ലി: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടികാണിച്ചു.
സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുടെ നീണ്ട പീഡനം, നിര്‍ബന്ധിത ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദ്ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നും ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
കിറ്റെക്‌സ് ഗാര്‍മെന്റസിന്റെ മാനേജിംഗ് ഡയറക്ടറും എറണാകുളം ആസ്ഥാനമായുള്ള ട്വന്റി 20 പാര്‍ട്ടിയുടെ പ്രസിഡന്റുമായ ആള്‍ എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു. ഇത്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് എന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങള്‍ ശക്തിപ്പെടുത്തുന്നുവെന്നും ഹൈബി ഈഡന്‍ പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.