kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

By webdesk17

April 21, 2025

ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പ്രതിയായ സുഹൃത്ത് സുകാന്ത് സുരേഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഐബി ഉദ്യോഗസ്ഥനാണ് സുകാന്ത്. കേസില്‍ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തിനു പിന്നാലെ സുഹൃത്തായ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സാമ്പത്തികമായും ലൈംഗികമായും യുവതിയെ സുകാന്ത് ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.

യുവതിയുടെ അക്കൗണ്ടില്‍ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.