kerala

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും

By webdesk14

October 17, 2024

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസ് എടുക്കാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തടസ്സമില്ലെന്നും ബിഎൻഎസ് 108 പ്രകാരം കേസ് എടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തു.

പി പി ദിവ്യയെ പ്രതിചേർത്ത് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസാണ് റിപ്പോർട്ട് നൽകിയത്. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത സാഹചര്യത്തിൽ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ നീക്കിയേക്കുമെന്നും സൂചനയുണ്ട്.

എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ അപ്രതീക്ഷിതമായി കയറിവന്ന ദിവ്യ നവീൻ ബാബുവിനെതിരെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. പിറ്റേ ദിവസമാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.