kerala

നവീൻ ബാബുവിന്‍റെ മരണം; സര്‍ക്കാരിനോടും സിബിഐയോടും നിലപാട് തേടി ഹൈക്കോടതി

By webdesk13

November 27, 2024

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും.

പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹര്‍ജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ‌ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു. മരിക്കുന്നതിനു മുൻപുള്ള മണിക്കൂറുകളിൽ നവീൻ ബാബുവിന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും കുടുംബം അറിയിച്ചു. ഹർജി തീർപ്പാക്കുന്നതു വരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നത് തടയണമെന്ന കുടുംബത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സിപിഎം നേതൃത്വത്തെയോ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന പോലീസിനെയോ വിശ്വാസമില്ലെന്ന പ്രഖ്യാപനമാണ്, സിബിഐ അന്വേഷണമെന്ന ആവശ്യത്തിലൂടെ എഡിഎം കെ.നവീൻ ബാബുവിന്‍റെ കുടുംബം നടത്തിയിരിക്കുന്നത്. എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്താനല്ല, അദ്ദേഹം കൈക്കൂലിക്കാരനാണെന്നു വരുത്താനുള്ള തെളിവുകളാണ് പോലീസ് അന്വേഷിക്കുന്നതെന്ന ആരോപണവും ആദ്യം മുതലുണ്ട്. അന്വേഷണത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും വിശ്വാസമില്ലെന്നും കുടുംബം പറയുന്നുണ്ട്.