പാലക്കാട്: കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി സ്‌കൂള്‍ മാനേജ്‌മെന്റ്. കുട്ടിയുടെ മരണത്തില്‍ ആരോപണവിധേയയായ ക്ലാസ് ടീച്ചറെയും പ്രധാനാധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും അന്വേഷണ വിധേയമായി പത്ത് ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ വകുപ്പുതല നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് പല്ലഞ്ചാത്തനൂര്‍ പൊള്ളപ്പാടം ചരലംപറമ്പ് വീട്ടില്‍ ജയകൃഷ്ണന്‍-മഞ്ജു ദമ്പതികളുടെ മകന്‍ അര്‍ജുനെ (14) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കുഴല്‍മന്ദം പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് വിദ്യാര്‍ത്ഥിയെ മരണത്തിലേക്കു നയിച്ച സംഭവം നടന്നത്. അര്‍ജുന്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ച് കുട്ടികളെ ശാസിച്ചുവിട്ടു. എന്നാല്‍ അര്‍ജുന്റെ വീട്ടില്‍ സംഭവമറിയിച്ച അധ്യാപിക അന്ന് അവധിയിലായിരുന്നു. എന്നാല്‍ ഇവര്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തിയപ്പോള്‍ അര്‍ജുനെ ഓഫിസില്‍ വിളിച്ചുവരുത്തി മര്‍ദിച്ചതായി അര്‍ജുന്റെ സഹപാഠി പറഞ്ഞു. സൈബര്‍ പൊലീസില്‍ അറിയിക്കുമെന്നും ഒരു വര്‍ഷം ജയില്‍ ശിക്ഷയും 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അവര്‍ പറഞ്ഞു.
ക്ലാസ് കഴിഞ്ഞുപോകുമ്പോള്‍ കെട്ടിപ്പിടിച്ച് ‘ഇതെന്റെ ലാസ്റ്റ് ആണ്’ എന്ന് അവന്‍ പറഞ്ഞതായും സഹപാഠി പറഞ്ഞു. വീട്ടിലെത്തിയ വിദ്യാര്‍ത്ഥി പിന്നീട് യൂനിഫോമില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അതേസമയം അര്‍ജുനെ മര്‍ദിച്ചത് അവന്റെ മാമനാണെന്ന് പറയാന്‍ വ്യാഴാഴ്ച രാവിലെ ആശ ടീച്ചര്‍ തന്നെ നിര്‍ബന്ധിച്ചതായി മറ്റൊരു വിദ്യാര്‍ത്ഥിയും വെളിപ്പെടുത്തി. അതേസമയം, ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നതായി സ്‌കൂള്‍ അധികൃതറും അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നല്‍കാനാണ് ടീച്ചര്‍ ശ്രമിച്ചതെന്നും സൈബര്‍ സെല്‍ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് പ്രധാനാധ്യാപിക ലിസി പറഞ്ഞു. അതേസമയം കുട്ടിക്ക് വീട്ടിലും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പ്രധാനാധ്യാപിക പറഞ്ഞു.
എന്നാല്‍ ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബം ആരോപിക്കുന്നു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടന്നുവരുകയാണെന്ന് കുഴല്‍മന്ദം പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും പ്രതിഷേധം നടത്തി. അധ്യാപികക്കെതിരെ കടുത്ത നടപടി വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ജില്ല ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അര്‍ജുന്റെ മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് തേങ്കുറുശ്ശി വാതകശ്മശാനത്തില്‍ സംസ്‌കരിച്ചു.