അടിമാലി: കാല്‍നടക്കാരനായ വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൂര്യനെല്ലി പാപ്പാത്തിച്ചോല സ്വദേശി ഓട്ടോറിക്ഷ ഡ്രൈവറായ നിവേദ് കുമാര്‍ (22) ആണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 13 ന് വൈകീട്ട് ഏഴുമണിയോടെ സുബ്രഹ്‌മണ്യന്‍ കോളനിയില്‍ പത്രോസ് (65) എന്ന വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സൂര്യനെല്ലിയിലേക്കും ചിന്നകനാലിലേക്കും ഇടയില്‍ നടന്ന ഈ സംഭവം ആദ്യം അപകടമെന്നായിരുന്നു കരുതിയത്. വാഹനമിടിച്ചാണ് പത്രോസ് മരിച്ചതെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ദൃക്സാക്ഷികളോ സി.സി.ടി.വി ദൃശ്യങ്ങളോ ലഭിച്ചിരുന്നില്ല.
എങ്കിലും മറ്റ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് നിവേദ് കുമാര്‍ ഓടിച്ച ഓട്ടോറിക്ഷയാണെന്ന് കണ്ടെത്തിയത്. ശാന്തന്‍പാറ സി.ഐ എസ് ശരലാല്‍, എസ്.ഐ കെ. എച്ച്.ഹാഷിം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി. ജയകൃഷ്ണന്‍,എം. മഹേഷ്,ജിബിന്‍ തോമസ് ,പി വി ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.