തിരുവനന്തപുരം: രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് കാട്ടാക്കടയിലെ മമല്‍ ആശുപത്രി. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നുവെന്നും ഇഞ്ചക്ഷന്‍ മൂലമല്ല ആരോഗ്യനില വഷളായതെന്നും ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ വാരിയര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ രണ്ടര വയസുള്ള മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി നല്‍കിയ ശേഷം രണ്ട് ഇഞ്ചക്ഷനുകള്‍ എടുത്തതായും, ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളായതായും കുടുംബം ആരോപിക്കുന്നു.
അതേസമയം, കുട്ടിക്ക് മുന്‍പേ ഗുരുതര ശ്വാസ തടസ്സം ഉണ്ടായിരുന്നുവെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അഡ്രിനാലിന്‍ നല്‍കേണ്ടിവന്നതായും ഡോക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് ആംബുലന്‍സില്‍ കുട്ടിയെ നെയ്യാറ്റിന്‍കരയിലെ നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആംബുലന്‍സില്‍ ബന്ധുക്കളെ കയറാന്‍ ആദ്യം അനുവദിച്ചില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
ഐഷ ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.