കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി പുതിയ മയക്കുമരുന്ന് വിരുദ്ധ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. വധശിക്ഷയും വന്‍പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ക്കാണ് നിയമം വഴി ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമം പാസായത്.
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇതുവരെ മയക്കുമരുന്ന് ഉപയോഗത്തെയും കടത്തിനെയും നിയന്ത്രിക്കുന്നതിനായി രണ്ടു വ്യത്യസ്ത നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇവ ലയിപ്പിച്ചാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം മയക്കുമരുന്ന് കടത്തുകാര്‍, വിതരണക്കാര്‍, കൈമാറ്റത്തില്‍ പങ്കാളികളായവര്‍ എന്നിവര്‍ക്ക് വധശിക്ഷ മുതല്‍ വന്‍പിഴവരെ ലഭിക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തെ മയക്കുമരുന്ന് ഭീഷണിയില്‍നിന്ന് സംരക്ഷിക്കലാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രിസഭ അറിയിച്ചു.
മന്ത്രിസഭ അംഗീകരിച്ച കരട് നിയമം അന്തിമ അംഗീകാരം ലഭിക്കുന്നതിനായി അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് സമര്‍പ്പിച്ചു. അമീറിന്റെ അനുമതി ലഭിക്കുന്നതോടെ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.