ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവ് വധഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ചര്‍ച്ച അനുവദിക്കാതിരുന്നത് ബി.ജെ.പി-സി.പി.എം ബാന്ധവം മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. അതേസമയം ഈ വിഷയത്തിന് എന്ത് പ്രാധാന്യമെന്നായിരുന്നു സ്പീക്കര്‍ ചോദിച്ചത്. പിന്നാലെ നിയമസഭ ഇന്ന് സംഘര്‍ഷത്തില്‍ പിരിഞ്ഞു. ഇന്നലെ വിലക്കയറ്റം വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ചാനല്‍ ചര്‍ച്ചക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവിനെതിരെ പെരാമംഗലം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. എ.ബി.വി.പി മുന്‍ സംസ്ഥാന അധ്യക്ഷനും ബി.ജെ.പി ടീച്ചേഴ്സ് സെല്‍ സ്റ്റേറ്റ് കോ. കണ്‍വീനറുമാണ് പ്രിന്റു.
‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ ഇവിടെ ജനങ്ങള്‍ കൂടെയുണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കൂടെ ജനങ്ങള്‍ ഒപ്പമുണ്ട്. അതുകൊണ്ട് അങ്ങിനെയൊരു മോഹവുമായി രാഹുല്‍ ഗാന്ധി ഇറങ്ങിത്തിരിച്ചാല്‍ നെഞ്ചത്ത് വെടിയുണ്ട വീഴും… ഒരു സംശയവും വേണ്ട…’ -എന്നായിരുന്നു ചാനല്‍ ചര്‍ച്ചക്കിടെ പ്രിന്റു മഹാദേവിന്റെ പരാമര്‍ശം.