നടന്‍ സല്‍മാന്‍ ഖാന് വധ ഭീഷണിസന്ദേശം പൊലീസില്‍ ലഭിച്ചതിനു പിന്നാലെ 26 കാരനായ മായക് പാണ്ഡ്യ എന്നയാള്‍ കസ്റ്റഡിയിലായതായി വാര്‍ളി പൊലീസ് അറിയിച്ചു. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ് ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറിലേക്കാണ് ഇയാള്‍ വധ ഭീഷണി മുഴക്കിയത്. അതേസമയം ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗമാണോയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുംബൈ ട്രാഫിക് പൊലീസിന്റെ ഹെല്‍പ്പ് ലൈനിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് വീട്ടില്‍ കയറി നടനെ കൊല്ലുമെന്നും കാര്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2024 ഏപ്രില്‍ 14നാണ് സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികള്‍ ലഭിക്കുന്നുണ്ട്. 1998ലെ കൃഷ്ണമൃഗ വേട്ട കേസില്‍ സല്‍മാന്‍ ഖാനെ ലക്ഷ്യം വെച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. പിന്നീട് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് നടന് ബോംബ് ഭീഷണി ഉണ്ടാവുന്നത്.