News

ഗസ്സയില്‍ മരണസംഖ്യ 55,000 കടന്നു; 24 മണിക്കൂറിനിടെ 120 പേര്‍ കൊല്ലപ്പെട്ടു

By webdesk17

June 12, 2025

ഗസ്സ സിറ്റി: ഗസ്സയില്‍ മരണസംഖ്യ 55,000 കടന്നു. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 120 പേര്‍. 2023 ഒക്ടോബര്‍ മുതല്‍ ഇന്നുവരെ ഇസ്രാഈല്‍ വംശ്യഹത്യയില്‍ കുറഞ്ഞത് 54,981 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം ചൊവാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം 120 പേര്‍ കൊല്ലപ്പെട്ടതായും 305 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് എന്നും അറിയിച്ചു.

ഇതോടെ ഇസ്രാഈലി ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 126,920 ആയി മാറി. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന സാഹചര്യമല്ലാത്തതുകൊണ്ട് നിരവധി ആളുകളാണ് ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും റോഡുകളിലും കുരുങ്ങി കിടക്കുന്നത്. മാര്‍ച്ച് 18ന് ഇസ്രാഈല്‍ സൈന്യം ഗസ്സയില്‍ വീണ്ടും ആക്രമണം ആരംഭിച്ചിരുന്നു. ജനുവരിയില്‍ നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാറും തടവുകാരെ കൈമാറുന്ന കരാറും തകരുകയായിരുന്നു. അതിനുശേഷം 4,701 പേര്‍ കൊല്ലപ്പെടുകയും 14,879 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നവംബറില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രധിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഗസ്സയില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇവരുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

അന്തരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാഈലിനെതിരെ വംശഹത്യാ കേസ് നിലവിലുണ്ട്. അത് എന്‍ക്ലേവിനെതിരായ അവരുടെ യുദ്ധവുമായി ബന്ധപ്പെട്ടതാണ്.