News

നേപ്പാള്‍ പ്രളയക്കെടുതിയില്‍ മരണം 241 ആയി; തിരച്ചില്‍ തുടരുന്നു

By webdesk17

October 02, 2024

നേപ്പാള്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 241 ആയി. കാണാതായ 29 പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 159 പേര്‍ക്ക് പരിക്കേറ്റു. കാഠ്മണ്ഡു താഴ്‌വരയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 4,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി പറഞ്ഞു. ഇനിയും ഒരുപാടു പേര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെന്നും നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അതിശക്തമായ മഴ നേപ്പാളില്‍ ആരംഭിച്ചത്. ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്നാണ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്മെന്റ് വ്യക്തമാക്കുന്നത്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മണ്‍സൂണ്‍ കാലത്ത് ദക്ഷിണേഷ്യയില്‍ പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണെന്നായിരുന്നു വിദഗ്ദരുടെ നിരീക്ഷണം.