ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 169 പേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഇന്നലെ എട്ട് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭഗീരഥപുരയിലാണ് സംഭവം. ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്ത വെള്ളത്തില്‍ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാര്‍ ആരോപിച്ചു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി തുടര്‍ച്ചയായി എട്ട് തവണ നിലനിര്‍ത്തിയ പ്രദേശമാണ് ഇന്‍ഡോര്‍.
ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് വര്‍മ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പിന്നാലെയാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് 2,703 വീടുകളില്‍ പരിശോധന നടത്തി. ഏകദേശം 12,000 പേരെ പരിശോധിക്കുകയും നേരിയ രോഗലക്ഷണങ്ങളുള്ള 1,146 രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഭഗീരത്പുരയിലെ പ്രധാന ജലവിതരണ പൈപ്പ്ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതായി മുനിസിപ്പല്‍ കമ്മീഷണര്‍ ദിലീപ് കുമാര്‍ യാദവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൈപ്പിന് മുകളിലൂടെ ഒരു ടോയ്ലറ്റ് നിര്‍മ്മിച്ചിട്ടുണ്ട്. ഇതാണോ മലിനീകരണത്തിന്റെ കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.