kerala

ജനങ്ങളെ കബളിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍

By webdesk17

February 25, 2026

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വന്‍തോതില്‍ കടമെടുത്തും നികുതിപ്പണം ദുരുപയോഗം ചെയ്തും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ശമ്പള പരിഷ്‌കരണ കമീഷനോട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുന്നത് അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത കെട്ടിവെക്കാനാണ്. വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനമായ സ്പാര്‍ക്കില്‍ നിന്ന് ഡാറ്റ മോഷ്ടിച്ചതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും സി.പി.എം നേതൃത്വത്തിനും നേരിട്ട് പങ്കുണ്ട്. ഡാറ്റ വിലപ്പെട്ട സ്വത്താണെന്നിരിക്കെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സതീശന്‍ പറഞ്ഞു.

റെക്കോര്‍ഡ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ പി.എസ്.സി പ്രായപരിധി കൂട്ടി ഉദ്യോഗാര്‍ഥികളെ പറ്റിക്കുകയാണെന്നും ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പഠിച്ച ജെ.ബി. കോശി കമീഷന്‍ റിപ്പോര്‍ട്ട് മൂന്ന് വര്‍ഷം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോള്‍ അംഗീകരിച്ചതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഖജനാവ് കാലിയായിട്ടും ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് 250 കോടിയും സഹകരണ ബാങ്കുകളില്‍ നിന്ന് 10,000 കോടിയും എടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. നികുതിപ്പണം ഉപയോഗിച്ചുള്ള ഈ പ്രചാരണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സതീശന്‍ പറഞ്ഞു.

തുടര്‍ഭരണം ഉറപ്പാക്കാന്‍ സി.പി.എമ്മിന്റെ ഫണ്ടാണ് ഉപയോഗിക്കേണ്ടതെന്നും ജനങ്ങളുടെ നികുതിപ്പണമല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.