കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവന്‍ ബോര്‍ഡ് – കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരെയും മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമസഭയില്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം അവതരിപ്പിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ഇക്കാര്യം അറിയിച്ചത്.
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തി. കൂടാതെ, അദ്ദേഹത്തിന്റെ മകള്‍ നിരഞ്ജനയ്ക്ക് ജോലി നല്‍കാന്‍ റവന്യൂ വകുപ്പിനോട് ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനം മുന്‍പൊരിക്കലുമില്ലാത്ത കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ 35,000 കോടി രൂപയുടെ പദ്ധതി ഉള്ളതില്‍ 15,000 കോടി രൂപ ബാക്കിയുള്ളൂവെന്നും പ്ലാനിലുണ്ടായിരുന്ന തുകയില്‍ 20,500 കോടി രൂപയുടെ കുറവാണുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു. പണം ലഭിക്കുമെന്ന തെറ്റായ കണക്കുകൂട്ടലില്‍ മുന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാനത്തിന്റെ കടം ജിഎസ്ഡിപിയുടെ 35 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാളും മറ്റു സംസ്ഥാനങ്ങളേക്കാളും വളരെ മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
ലഭിക്കേണ്ട തനത് വരുമാനവും യഥാര്‍ഥത്തില്‍ ലഭിച്ചതും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ബാധ്യതകള്‍ തീര്‍ക്കാതെ, ട്രഷറി ബാലന്‍സ് കണക്കുകള്‍ മാത്രം കാണിച്ച് ഫണ്ട് ബാക്കിയുണ്ടെന്ന് മുന്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ വികസന ചെലവ് ആകെ ചെലവിന്റെ 39.9 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.