തിരുവനന്തപുരം: അതിദാരിദ്രം അവസാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധ വെട്ടിപ്പും പച്ചനുണകളുടെ സമാഹാരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് അധികാരത്തില്‍ വരുന്നതിന് മുന്‍പ് പ്രകടനപത്രികയില്‍ പറഞ്ഞത് കേരളത്തില്‍ നാലര ലക്ഷം പരമദരിദ്രരുണ്ടെന്നാണ്. അത് എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ 64000 പേരായി ചുരുങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എ.എ.വൈ കാര്‍ഡുള്ള, ദരിദ്രരില്‍ അതിദരിദ്രരായ 5,91,194 പേര്‍ കേരളത്തിലുണ്ടെന്ന് നിയമസഭയില്‍ മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. നാലര ലക്ഷം പരമ ദരിദ്രരെന്ന സി.പി.എമ്മിന്റെ കണക്കും 5,91,194 അതിദരിദ്രരുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തലും നിലനില്‍ക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഗതികള്‍ക്കു വേണ്ടിയുള്ള ആശ്രയ പദ്ധതിയിലും ഒന്നര ലക്ഷം പേരുണ്ടായിരുന്നു. അതിദാരിദ്രം അവസാനിച്ചെന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളില്‍ നിന്നും കേരളം പുറത്താകും. തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഡ്ഢികളാക്കാനും വേണ്ടി നടത്തുന്ന പി.ആര്‍ പ്രചരണമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്നത്. സര്‍ക്കാര്‍ പ്രചരണത്തിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.