kerala

സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ പ്രഖ്യാപനം

By webdesk17

June 19, 2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ നയപ്രഖ്യാപനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയിരിക്കുന്നത്. കേരളത്തില്‍ രൂപപ്പെട്ട ‘സി.ജെ.പി’ കൂട്ടുകെട്ട് നിലമ്പൂരിലും ഊട്ടിയുറപ്പിക്കുകയും ആര്‍.എസ്.എസ്, ബി.ജെ.പി വോട്ടുകള്‍ സി.പി.എം പരസ്യമായി ആവശ്യപ്പെടുകയുമാണ് മുന്‍കാല ബന്ധം പരസ്യമായി വിളിച്ചുപറഞ്ഞതിലുടെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്നത് സുവ്യക്തമാണ്. കോണ്‍ഗ്രസ് മുക്തഭാരതവും കോണ്‍ഗ്രസ് മുക്ത കേരളവും സ്വപ്നംകണ്ട് ഇരുകൂട്ടരും തമ്മില്‍ ഇതുവരെ നടത്തിക്കൊണ്ടിരുന്നത് അണിയറനീക്കങ്ങളായിരുന്നുവെങ്കില്‍ ഇനിയങ്ങോട്ട് അത് പ്രത്യക്ഷത്തില്‍ തന്നെ കൊണ്ടുവരാനുള്ള ടെസ്റ്റ് ഡോസായി നിലമ്പൂരിനെ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഫലമായിട്ടുവേണം പാര്‍ട്ടി സെക്രട്ടറിയുടെ ഈ തുറന്നുപറച്ചിലിനെ കാണാന്‍. എം.വി ഗോവിന്ദന്‍ വെറുതെ ഒന്നും പറയുന്ന ആളല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയത് ഈയിടെയാണ്. അതുകൊണ്ടുതന്നെ ഇത് ആലോചിച്ചുറപ്പിച്ചതും ഔപചാരികമായുള്ളതാണെന്നതിനും മറ്റൊരു തെളിവിന്റെ ആവശ്യമില്ല.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും ഈ പ്രസ്താവനയുടെ സാംഗത്യം ക്യത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്. പിണറായി പൊലീസ് ആര്‍.എ സ് വല്‍ക്കരിക്കപ്പെടുന്നുവെന്നും ആഭ്യന്തരവകുപ്പിന്റെ നിര്‍ലോഭമായ പിന്തുണ ഈ നീക്കത്തിനുണ്ടെന്നും ആരോപിച്ചാണ് നിലവിലെ ജനപ്രതിനിധി രാജിവെച്ചൊഴി ഞ്ഞത്. ഈ ആരോപണം തിരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും അതിന് ഉപോല്‍ബലകമായ തെളിവുകള്‍ യു.ഡി.എഫ് കൃത്യമായി ജനങ്ങളുടെ മു ന്നില്‍ അവതരിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജനവിധിയുടെ അവസാന മണിക്കൂറില്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ആ ബന്ധം അങ്ങനെ തന്നെയാണെന്നും അതിനുള്ള അംഗീകാരമായി ആര്‍.എസ്.എസ് ബി.ജെ.പി വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴണമെന്നുമാണ് സി.പി.എം ഉദ്ദേശിക്കുന്നത്. ജനം പോളിങ് ബൂത്തിലേക്ക് നിങ്ങാനിരിക്കെതന്നെ യു.ഡി.എഫ് മുന്നേറ്റം വ്യക്തമായ സാഹചര്യത്തില്‍ അവസാനത്തെ തുറുപ്പുചീട്ടായിട്ടാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഈ നീക്കമുണ്ടായിരിക്കുന്നത്. ഹിന്ദു മഹാസഭയുമായി കൈകോര്‍ക്കാന്‍ തയാറായി എന്നുമാത്രമല്ല, പാര്‍ട്ടി കേന്ദ്രത്തില്‍ സമുന്നത നേതാക്കള്‍ തന്നെ അവരെ സ്വീകരിക്കാനെത്തിയതും, നിലമ്പൂരില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് ബി.ജെ.പി തീരുമാനിച്ചതും വിവാദമായപ്പോള്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചതുമെല്ലാം കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് രാഷ്ട്രീയ കേരളത്തെ കൃത്യമായി ബോധ്യപ്പെടുത്തിയതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ക്കിങ്ങോട്ടുള്ള എല്ലാ ചരടുവലികളുടെയും അരക്കിട്ടുറപ്പിക്കലാണ് ഗോവിന്ദന്റെ ഈ പ്രസ്താവനയിലൂടെ ഉണ്ടായിരിക്കുന്നത്.

ആര്‍.എസ്.എസ് സി.പി.എം ബന്ധം തുറന്നപുസ്തകമാണ്. ചരിത്രപരമായ ആ യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ ഒരു പൂവ് കൊണ്ടെന്നല്ല പൂക്കാലം കൊണ്ടും കഴിയില്ല. പാര്‍ട്ടിയുടെ ആര്‍ എസ് എസ്, ജനസംഘം ബന്ധത്തില്‍ പ്രതിഷേധിച്ചാണ് സി.പി.എമ്മിന്റെ ജന.സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പി.സുന്ദരയ്യ ഇരു സ്ഥാനത്തും നിന്നും രാജിവെച്ചത്. 1977ലെ ജനതാ സഖ്യം ഈ സഖ്യത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. പാര്‍ട്ടി സെക്രട്ടറിയെ തിരുത്താന്‍ ശ്രമിക്കുന്ന നിലമ്പൂരിലെ ഇടതുസ്ഥാനാര്‍ത്ഥി സ്വയം അപഹാസ്യനാവുകയാണ്. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ന്യായികരണങ്ങളെക്കുറിച്ച് അയ്യോ പാവം എന്നേ പറയാന്‍കഴിയൂ. ബി.ജെ.പിക്ക് മുന്‍പ് ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപമായിരുന്ന ജനസംഘവും കോണ്‍ഗ്രസ് വിരുദ്ധ ആശയക്കാരും ചേര്‍ന്ന് രൂപീകരിച്ചതാണ് അന്നത്തെ ജനതാ പാര്‍ട്ടി. അതുകൊണ്ടുതന്നെ ജനതാപാര്‍ട്ടിയിലെ മഹാഭൂരിപക്ഷത്തിന്റെയും ആദര്‍ശം ജനസംഘത്തിന്റേത് തന്നെയായിരുന്നു. അതിനാല്‍ ആര്‍.എസ്.എസിന്റെ കയ്യിലെ കളിപ്പാവതന്നെയായിരുന്നു ജനതാപാര്‍ട്ടിയും. മഹാത്മാഗാന്ധിയെ കൊന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താ ക്കളായിത്തന്നെയാണ് അവര്‍ ആദ്യം ജനസംഘക്കാരായതും പിന്നെ ജനതക്കാരായതും ഒടുവില്‍ ബി.ജെ.പിക്കാരായതും. ഈ ജനതാപാര്‍ട്ടിയെ വാരിപ്പുണര്‍ന്നതും രാജ്യമൊടുക്കം കൈകോര്‍ത്തുനടന്നതുമെല്ലാം മുമ്പ് സി.പി.എം ഒരു ദുസ്വപ്നം പോലെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാലവും കഥയും മാറിയപ്പോള്‍ ഗതകാല ഓര്‍മകള്‍ അവര്‍ക്ക് ആവേശവും പ്രതീക്ഷയുമായിമാറുകയാണ്. ആര്‍.എസ്.എസിനെ മാത്രമല്ല, ആര്‍.എസ്.എസ് ബാന്ധവവും വെച്ചുപൊറുപ്പിക്കില്ലെന്ന് ജനാധിപത്യ കേരളം നിരന്തരം തെളിയിച്ചതാണ്. അതിന്റെ തുടര്‍ച്ച നിലമ്പൂരിലും സംഭവിക്കാതിരിക്കില്ല.