kerala

ദീപക്-ആത്മഹത്യ കേസ്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍

By webdesk17

January 21, 2026

കൊച്ചി: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ദീപക് യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം വ്യാജ പ്രചാരണമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു ദീപക്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണം. വീഡിയോ പ്രചരിപ്പിച്ചതുമൂലം ദീപക്കിന് കടുത്ത മാനസിക സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ഇത് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുവെന്നും മെന്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ എം.ജി. ശ്രീജിത്ത് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിയായ യുവതി വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയവും അസോസിയേഷന്‍ ഉന്നയിച്ചു. യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രതിയായ യുവതിയെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി ആരോപിക്കുന്ന വടകര സ്വദേശി ഷിംജിത ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഷിംജിത വിദേശത്തേക്ക് കടക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ സംസ്ഥാനം വിട്ട് മംഗളൂരുവിലെത്തിയെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഷിംജിതയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

കഴിഞ്ഞ ദിവസം സംഭവമുണ്ടായതായി ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവദിവസം ആരും പരാതി നല്‍കിയിട്ടില്ലെന്നും, പരാതി ലഭിച്ചിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാര്‍ അറിയിച്ചു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴികള്‍ രേഖപ്പെടുത്തി. ആരോപണം വ്യാജമാണെന്നും, മാനസിക വിഷമം ഉണ്ടായിരുന്നതായി മകന്‍ പറഞ്ഞിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതി വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ ഉന്നയിച്ച ആരോപണം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക്കിനെതിരെ തീവ്ര സൈബര്‍ ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.