kerala

ദീപക് ആത്മഹത്യ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

By sreenitha

January 27, 2026

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവിൽ റിമാൻഡിലാണ്.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രശസ്തി, പോസ്റ്റുകൾക്ക് കൂടുതൽ റീച്ച്, സാമ്പത്തിക ലാഭം എന്നിവ ലക്ഷ്യമിട്ടാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമം നേരിട്ടുവെന്ന പരാതി ഔദ്യോഗികമായി നൽകാതെ, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതി പകർത്തി പ്രചരിപ്പിച്ച അപകീർത്തികരമായ വീഡിയോയല്ലാതെ ദീപക് ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളില്ലെന്നാണ് പൊലീസ് വാദം. ജാമ്യം ലഭിച്ചാൽ പ്രതി വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത്തരം പ്രവണതകൾ മറ്റ് വ്‌ളോഗർമാരെയും പ്രേരിപ്പിച്ച് കൂടുതൽ ആത്മഹത്യകൾക്ക് ഇടയാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നാണ് വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, ബസിൽ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന് ഷിംജിത ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.