കോഴിക്കോട്: സ്വകാര്യ ബസ് യാത്രയ്ക്കിടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഷിംജിത സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.
ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഷിംജിത സമൂഹ മാധ്യത്തില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വൈറലായതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.
ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് മെഡിക്കല്‍ കോളേജ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഷിംജിത 21 ദിവസമായി റിമാന്‍ഡിലാണെന്നും ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ക്കായി ഇനിയും ജയിലില്‍ തുടരേണ്ടതില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
ഷിംജിതയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയുടെ ഫോറന്‍സിക് പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മഞ്ചേരി സബ് ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു ഷിംജിതയ്ക്ക് നിലവില്‍ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.