News

വെള്ളക്കുറവ് ഷുഗർ ഉയർത്താം; പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം

By Manya

February 21, 2026

പ്രമേഹരോഗികള്‍ ആവശ്യമായ അളവില്‍ വെള്ളം സ്ഥിരമായി കുടിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ശരീരത്തിലെ ജലാംശവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു.

നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ രക്തത്തിലെ ജലാംശം കുറയുകയും ഗ്ലൂക്കോസ് കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. ചായയില്‍ പാല്‍ കുറയുമ്പോള്‍ കടുപ്പം കൂടുന്നതുപോലെ രക്തത്തിലെ പഞ്ചസാരയുടെ സാന്ദ്രതയും ഉയരാന്‍ ഇടയാകും.

മതിയായ വെള്ളം കുടിക്കുന്നത് രക്തത്തെ ലഘൂകരിക്കാനും വൃക്കകളിലൂടെ അധിക പഞ്ചസാര പുറത്താക്കാനും സഹായകരമാണ്. സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നതിലൂടെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും ഇത് ഉപകരിക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വെള്ളം മാത്രം കുടിക്കുന്നത് എന്നാല്‍ വെള്ളം മാത്രം കുടിക്കുന്നത് മോശം ഭക്ഷണക്രമത്തിനോ വ്യായാമമില്ലായ്മയ്‌ക്കോ പകരമാവില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിര്‍ജ്ജലീകരണം ഉണ്ടായിരിക്കുമ്പോള്‍ പലരും ദാഹത്തെ വിശപ്പായി തെറ്റിദ്ധരിച്ച് അധികം ഭക്ഷണം കഴിക്കുന്ന പ്രവണത കാണാറുണ്ട്. ഇതിലൂടെ രക്തത്തിലെ പഞ്ചസാര ഉയരാം. അതിനാല്‍ വെള്ളം ഇടവേളകളില്‍ ചെറിയ അളവുകളായി കുടിക്കുന്നതാണ് നല്ലത്.

അതിതണുത്ത വെള്ളത്തിന് പകരം സാധാരണ താപനിലയിലുള്ളതോ ഇളംചൂടായതോ ആയ വെള്ളം കുടിക്കുന്നത് കൂടുതല്‍ ഗുണകരമാണെന്നും ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പോ ശേഷമോ വെള്ളം കുടിക്കുന്നത് നല്ല രീതിയാണെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.