Culture

ഡല്‍ഹിയില്‍ അഭിഭാഷകരുടെ പ്രതിഷേധം; സ്വയം തീകൊളുത്താന്‍ ശ്രമിച്ച് അഭിഭാഷകന്‍

By chandrika

November 06, 2019

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് സമരവുമായി അഭിഭാഷകര്‍ രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ഡല്‍ഹിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയിട്ടു. ഇതിനെത്തുടര്‍ന്ന് നാട്ടുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസുകാരുടെ 11 മണിക്കൂര്‍ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ അഭിഭാഷകരുടെ പ്രതിഷേധമുണ്ടാവുന്നത്.

ഡല്‍ഹി പോലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമായാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനും ഇവര്‍ തീരുമാനമെടുത്തിട്ടുണ്ട്. അതിനിടെ, രോഹിണി കോടതിക്ക് പുറത്ത് ഒരു അഭിഭാഷകന്‍ മണ്ണെണ്ണ ഒഴിച്ച് സ്വയംതീകൊളുത്താന്‍ ശ്രമിച്ചു. ആശിഷ് എന്ന അഭിഭാഷകനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. ഇയാളെ സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുകയായിരുന്നു.

തീസ് ഹസാരി, സാകേത് കോടതികളില്‍ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം ഉടലെടുക്കാന്‍ കാരണം. പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നും മതിയായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആയിരത്തിലധികം പോലീസുകാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. 11 മണിക്കൂറോളം ഈ പ്രതിഷേധം നീണ്ടുനിന്നു.