india

ഡല്‍ഹി വായുമലിനീകരണം; സമരം ചെയ്ത മലയാളി വിദ്യാര്‍ഥിക്കുനേരെ പൊലീസ് അതിക്രമം

By webdesk17

November 28, 2025

ന്യൂഡല്‍ഹി: ഇന്ത്യഗേറ്റില്‍ വായുമലിനീകരണത്തിനെതിരെ സമരം ചെയ്ത മലയാളി വിദ്യാര്‍ഥിക്കുനേരെ പൊലീസ് അതിക്രമം. സുഹൃത്തുക്കള്‍ക്കൊപ്പം സമരത്തിനായി എത്തിയപ്പോളായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി ഇ.ആര്‍. അക്ഷയിനെ നിലത്ത് തള്ളിയിട്ട് മുഖം റോഡില്‍ അമര്‍ത്തി പൊലീസുകാരന്‍ നെഞ്ചില്‍ മുട്ടുകുത്തിയിരുന്നതും മറ്റൊരു പൊലീസുകാരന്‍ കൈ മുകളിലേക്ക് വലിച്ചുപിടിച്ചതും. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പങ്കുവെക്കപ്പെടുന്നത്.

മൗലികാവകാശമായ ശുദ്ധവായുവിനുവേണ്ടി നിരവധി വിദ്യാര്‍ഥി സംഘടനകള്‍ ഭാഗമായ ഡല്‍ഹി കോഓഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനാണ് ഡല്‍ഹി സര്‍വകലാശാല മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ അക്ഷയ് ഞായറാഴ്ച ഇന്ത്യഗേറ്റിലെത്തിയത്. പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു, മാവോവാദി മുദ്രാവാക്യം വിളിച്ചു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് പൊലീസ് അക്ഷയ് അടക്കം 23 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്.

അക്ഷയ് ഒരു മാവോവാദി ഗ്രൂപ്പിലും അംഗമല്ലെന്നും രാഷ്ട്രീയ ബോധമുള്ള വിദ്യാര്‍ഥി മാത്രമാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക അന്വേഷണം ആവശ്യമാണെന്നും നിരീക്ഷിച്ച കോടതി വിദ്യാര്‍ഥികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.