ബംഗളൂരു: രാജ്യത്തെ ഞെട്ടിച്ച ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയായിരിക്കും അമിത് ഷായെന്നും, മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ മന്ത്രിസഭയിൽനിന്ന് പുറത്താകുമായിരുന്നെന്നും പ്രിയങ്ക് ഖാർഗെ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
‘സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയായിരിക്കും അമിത് ഷാ. മറ്റേതെങ്കിലും രാജ്യത്തോ സംസ്ഥാനത്തോ ആയിരുന്നെങ്കിൽ അദ്ദഹം മന്ത്രിസഭയിൽനിന്ന് പുറത്താകുമായിരുന്നു. പക്ഷേ, മിസ്റ്റർ മോദിയുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ആളായതിനാൽ അദ്ദേഹം അനിവാര്യനാണ്. എന്തുകൊണ്ടാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്കുമേൽ ഉത്തരവാദിത്തം വരാത്തത്? സംസ്ഥാന സർക്കാറുകളെ പുറത്താക്കാൻ മാത്രമാണോ അദ്ദേഹം അവിടെയുള്ളത്? രാഷ്ട്രീയം കളിക്കാൻ മാത്രമാണോ അദ്ദേഹം അവിടെയുള്ളത്? അതാണ് അദ്ദേഹം ചെയ്യുന്നതെങ്കിൽ പാർട്ടിയിലേക്ക് തിരികെ വരട്ടെ. അദ്ദേഹത്തിന്റെ കഴിവില്ലായ്മ കാരണം എത്ര പേരുടെ ജീവൻ ഇനിയും നഷ്ടപ്പെടണം…?’ -പ്രിയങ്ക് ഖാർഗെ ചോദിച്ചു.