main stories

അന്വേഷണത്തില്‍ അനാസ്ഥ അരുത്

By webdesk18

November 12, 2025

രാജ്യതലസ്ഥാനത്ത്, ഡല്‍ഹിയുടെ ഹൃദയത്തില്‍ ഇന്ത്യയുടെ പരമാധികാരത്തിന്റെ പ്രതീകമായ ചെങ്കോട്ടയുടെ തൊട്ടുചാരെയുണ്ടായ കാര്‍ സ്‌ഫോടനം ഞെട്ടിപ്പിക്കുന്നതും രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയുമായിത്തീര്‍ന്നിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ചരിത്രപ്രസിദ്ധമായ ഡല്‍ഹി ജുമാമസ്ജിദിനും സമീപം ലാല്‍കിലാ മെട്രോസ്‌റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് തിങ്കളാഴ്ച്ച വൈകിട്ട് 6.25 ഓടെ ഹരിയാന രെജിസ്‌ട്രേഷനിലുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗംകുറച്ച് ചെങ്കോട്ടക്ക് മുന്നിലൂടെ പോവുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയതിന് പിന്നാലെയായിരുന്നു സ്‌ഫോടനമെന്നാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിപ്പോയതായും സമീപത്തുണ്ടായിരുന്ന കാറുകള്‍ വരെ കത്തിച്ചാമ്പലായതാ യും കിലോമീറ്ററുകള്‍ അപ്പുറംവരെ ശബ്ദം കേട്ടതായും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.

ദിനേന പതിനായിരങ്ങള്‍ എത്തിച്ചേരുന്ന ഇടമാണ് ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റും ചെങ്കോട്ടയും. സിസ്ഗഞ്ച് സാഹിബ് ഗുരുദ്വാര, ലാല്‍മന്ദിര്‍ ജൈന ക്ഷേത്രം എന്നിവയും തൊട്ടടുത്താണ്. വൈകുന്നേര സമയം കൂടിയായിരുന്നതിനാല്‍ പ്രദേശം ജനനിബിഢവുമായിരുന്നു. സമീപത്തുള്ള അരുണ്‍ ജെയ്റ്റിലി സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ജമ്മുകശ്മീര്‍ രഞ്ജി ക്രിക്കറ്റ് മത്സരവും അരങ്ങേറുന്നുണ്ടായിരുന്നു. തന്ത്രപ്രധാനമായ മേഖലയില്‍ തന്ത്രപ്രധാനമായ സമയത്തുണ്ടായ ഈ സ്‌ഫോടനം ഏതായാലും ഗൗരതരവും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരപ്പെടേണ്ടതുമാണ്.

ഹരിയാനയിലെ ഫരീദാബാദില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ സ്‌ഫോടനമുണ്ടായിരിക്കുന്നത്. ജമ്മു കശ്മീര്‍ പൊലീസായിരുന്നു ഇക്കഴിഞ്ഞ ദിവസം 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയത്.

ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു റെയ്ഡ്. മുസമ്മില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടില്‍നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്തുവും കണ്ടെടുത്തത്. സ്‌ഫോടക വസ്തുക്കളുടെ കൂട്ടത്തില്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തിരുന്നു. ഡല്‍ഹിയുടെ വിളിപ്പാടകലെ നടന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തടക്കം കടുത്തലജാഗ്രതപുലര്‍ത്തുന്നതില്‍ ഭരണകൂടത്തിനുണ്ടായ വീഴ്ച്ച മറച്ചുവെക്കാന്‍ കഴിയില്ല.

സ്‌ഫോടനമുണ്ടായ സ്ഥലം ചരിത്രപരവും വാണിജ്യപരവുമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും രാജ്യവിരുദ്ധ ശക്തികള്‍ നിരന്തരം ലക്ഷ്യംവെക്കുന്ന പ്രദേശങ്ങളുമാണ് എന്ന നിലക്ക് വിശേഷിച്ചും. ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സുരക്ഷാ വീഴ്ച്ചകളും ഇവിടെ ചേര്‍ത്തുവെക്കപ്പെടേണ്ടതാണ്. 15 വര്‍ഷം മുമ്പാണ് ഇതുപോലൊരു കാര്‍ബോംബാക്രമണം ഡല്‍ഹിയെ നടുക്കിയിരുന്നത്. 2010 സെപ്തംബര്‍ 19നായിരുന്നു അന്നത്തെ സ്‌ഫോടനം. നിര്‍ത്തിയിട്ട കാറില്‍ നിന്ന് പ്രഷര്‍കുക്കര്‍ ബോംബ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് രണ്ടുമണിക്കൂര്‍ മുമ്പ് വിദേശികള്‍ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്ത സംഭവവുമുണ്ടായിരുന്നു. അതിന് 500 മീറ്റര്‍ മാത്രം ഇപ്പുറത്താണ് ഇന്നലത്തെ സ്‌ഫോടനമുണ്ടായത്.

സ്‌ഫോടന കേസിന്റെ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധമന്ത്രിയുമെല്ലാം ഒരേ സ്വരത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഞെട്ടല്‍മാറുന്നതിനു മു മ്പുണ്ടായിട്ടുള്ള ഈ സംഭവം രാജ്യത്തിനുണ്ടാക്കിയിട്ടുള്ള ആഘാതത്തെ ചെറുതായിക്കാണാന്‍ കഴിയില്ല. ഭരണകൂടത്തിന്റെ വാചാടോപങ്ങള്‍കൊണ്ട് മാത്രം ഈ സാഹചര്യത്തെ നേരിടാനും സാധിക്കുകയില്ല. ഭീതിതമായ ഈ സാഹചര്യത്തിലും വിമര്‍ശനവിധേയമാക്കപ്പെടും വിധത്തിലുള്ള നടപടികള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഖേദകരമാണെന്ന് പറയാതിരിക്കാനാവില്ല. ചെ ങ്കോട്ടക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ രാജ്യം സ്തംഭിച്ചു നില്‍ക്കവേ, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി രാജ്യത്ത് നിലയുറപ്പിക്കേണ്ടതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ പര്യടനത്തിന് പോയതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ‘ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി എടുത്തി ട്ട് പോലുമില്ല. കുടുംബങ്ങള്‍ ദുഃഖക്കയത്തില്‍ മുങ്ങിത്താഴുകയാണ്. എന്നിട്ടും ‘നേതാവ്’ വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലാണ്’ തുടങ്ങിയ രീതിയിലുള്ള മോദിയുടെ ചിത്രത്തിന് താഴെവരുന്ന പ്രതികരണങ്ങള്‍ ജനങ്ങളുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.