ഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം കുറയ്ക്കാന്‍ ശ്രമിച്ച കൃത്രിമ മഴ ദൗത്യം (ക്ലൗഡ് സീഡിങ്) ഫലമില്ലാതായി. ഇന്നലെ ഉച്ചയോടെ നടത്തിയ സീഡിങ് നടപടിക്ക് ശേഷവും മഴ പെയ്യാന്‍ സാധിച്ചില്ല.
മേഘങ്ങളിലെ ഈര്‍പ്പാംശം 20 ശതമാനത്തില്‍ താഴെയായതിനാലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ കഴിഞ്ഞില്ലെന്ന് ഐഐടി കാന്‍പൂര്‍ വ്യക്തമാക്കി. അനുകൂല അന്തരീക്ഷ സാഹചര്യം ലഭിക്കുമ്പോഴേ ഇനി ദൗത്യം വീണ്ടും നടത്തുകയുള്ളു. ഇന്ന് നടത്താനിരുന്ന രണ്ടാമത്തെ ഘട്ടം ഇതിനാല്‍ റദ്ദാക്കി.
ഒരു ക്ലൗഡ് സീഡിങ് ദൗത്യത്തിന് ഏകദേശം 64 ലക്ഷം രൂപ ചിലവുവരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഡല്‍ഹിയിലെ വായു മലിനീകരണം ഇന്നും അതീവ ഗുരുതര നിലയില്‍ തുടരുകയാണ്. പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 300ന് മുകളിലാണ് രേഖപ്പെടുത്തിയത്.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ സര്‍ക്കസ് നടത്തിയെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. കൃത്രിമ മഴയുടെ ശ്രമം ലക്ഷ്യം കാണാത്തതോടെ, വായു മലിനീകരണം കുറയ്ക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ട സാഹചര്യമാണിപ്പോള്‍ നിലനില്‍ക്കുന്നത്.