ന്യൂഡല്‍ഹി: സൗജന്യ നെറ്റ്,കോള്‍ ഓഫറുകള്‍ക്ക് പിന്നാലെ മറ്റൊരു പ്രഖ്യാപനവുമായി ജിയോ. സിം വേണ്ടവര്‍ ഇനി ജിയോ ഔട്ട്‌ലെറ്റ് ഷോറൂമിലോ, മൊബൈല്‍ കടയിലോ കയറിയിറങ്ങേണ്ട. ഒറ്റ ക്ലിക്കില്‍ ജിയോ സിം ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. ഓണ്‍ലൈന്‍ റീട്ടയില്‍ സൈറ്റായ സ്‌നാപ് ഡീലുമായി സഹകരിച്ചാണ് ജിയോ, സിം വീട്ടിലെത്തിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ഈ സേവനം ലഭിച്ചുതുടങ്ങും.

അതേസമയം ഈ സേവനം തുടക്കത്തില്‍ എല്ലാ മേഖലയിലും ലഭിച്ചേക്കില്ലെന്നാണ് വിവരം. തെരഞ്ഞെടുത്ത ഏരിയയിലാണ് സ്‌നാപ്പ് ഡീല്‍ സേവനമൊരുക്കുന്നത്. ആദ്യമായാണ് ഒരു സിം ഓണ്‍ലൈനിലൂടെ ആവശ്യക്കാരിലെത്തിക്കുന്നത്. ജിയോയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. മൂന്നു മാസം കൊണ്ട് 52 ദശലക്ഷം ഉപയോക്താക്കളാണ് ജിയോക്ക് ലഭിച്ചത്. ഇത്രയും കാലം കൊണ്ട് ഒരു കമ്പനിക്ക് ലഭിക്കുന്ന മികച്ച വരിക്കാരാണ്.

ജിയോ ഡാറ്റ, വോയിസ്, വീഡിയോ കോള്‍ എന്നിവയല്ലാം സൗജന്യമാണ്. വെല്‍ക്കം ഓഫര്‍ എന്ന നിലക്കാണ് ജിയോ പുതുവര്‍ഷത്തിലേക്കും സേവനം നീട്ടിയത്. കൂടുതല്‍ ആളുകളെ സിം വരിക്കാരാക്കുക എന്നാണ് കമ്പനിയുടെ ലക്ഷ്യം.