വണ്ടൂര്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതുവരെയുള്ള വീറും വാശിയും തീര്‍ക്കുന്ന പ്രകടനങ്ങളാണ് പലയിടത്തും കാണാറുള്ളത്. പടക്കം പൊട്ടിക്കലും പരിഹാസ പ്രകടനങ്ങളും ചിലപ്പോള്‍ അതിരുവിടാറുണ്ട്. സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും ഇത് വഴിമാറുന്നതും തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള സ്ഥിരം വാര്‍ത്തകളാണ്.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നല്ല വാര്‍ത്തയാണ് മലപ്പുറം വണ്ടൂരില്‍ നിന്ന് വരുന്നത്. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജ്യോതിയുടെ ആഹ്ലാദപ്രകടനം തോറ്റ സ്ഥാനാര്‍ത്ഥി മുസ് ലിം ലീഗിലെ സലീന പാങ്ങാടന്റെ വീടിന് മുന്നിലെത്തിയപ്പോഴാണ് സലീന ജ്യോതിയെ മാലയിട്ട് സ്വീകരിച്ചത്.

വിജയിച്ചതോടെ ജ്യോതി എല്ലാവരുടെയും മെമ്പറാണെന്നും നാടിന്റെ നന്‍മക്കായി എല്ലാ പ്രവര്‍ത്തനത്തിനും ജ്യോതിക്കൊപ്പം നില്‍ക്കുമെന്നും സലീന വ്യക്തമാക്കി. ജനാധിപത്യത്തിന്റെ നല്ല മാതൃക സൃഷ്ടിച്ച സലീനക്ക് വലിയ അഭിനന്ദന പ്രവാഹമാണ്.

ദൃശ്യങ്ങള്‍ക്ക് കടപ്പാട്: മനോരമ ന്യൂസ്‌