india

ഉത്തര്‍പ്രദേശില്‍ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവം; യോഗി സര്‍ക്കാറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

By webdesk18

April 01, 2025

ഉത്തര്‍പ്രദേശില്‍ അനധികൃതമായി നിര്‍മിച്ചെന്നു ആരോപിച്ച് വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ യോഗി സര്‍ക്കാറിനും പ്രയാഗ്രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി മനുഷ്യത്വരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്, പൊളിക്കല്‍ നടപടി ബലപ്രയോഗത്തിലൂടെയാണ് നടന്നതെന്ന് നിരീക്ഷിച്ചു.

രാജ്യത്ത് നിയമവാഴ്ച ഉണ്ട്. പാര്‍പ്പിടത്തിനായുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പൗരന്മാരുടെ പാര്‍പ്പിടങ്ങള്‍ ഈ രീതിയില്‍ പൊളിക്കാന്‍ കഴിയില്ല. നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നത്. നിയമാനുസൃത നടപടിക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പൊളിച്ചുമാറ്റിയ ഓരോ വീടിന്റേയും ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ് തുടങ്ങിയവരുടെ ഉള്‍പ്പെടെ വീടുകളാണ് പൊളിച്ചുമാറ്റിയത്. ഇവര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പ്രയാഗ്രാജിലെ പൊളിച്ചുമാറ്റലിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു.