തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ ചികിത്സാ നിഷേധവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മരിച്ച ബിസ്മീറിന്റെ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായാണ് പരാതി. ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. ആവശ്യമായ ചികിത്സ ലഭ്യമാക്കിയില്ലെന്നും, ആശുപത്രി ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
ആംബുലന്‍സില്‍ കയറ്റുന്നതിനിടെ ബിസ്മീര്‍ ബോധം നഷ്ടപ്പെട്ടിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി ആരും ഇത്തരം അവസ്ഥ നേരിടരുതെന്നും, വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ജനുവരി 19നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊല്ലംകൊണം സ്വദേശി ബിസ്മീറിനെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് ബിസ്മീര്‍ മരിച്ചത്. ചികിത്സ നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിലവില്‍ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.