kerala

‘ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥ’; ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍

By webdesk17

December 27, 2025

ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. ജാമ്യം കിട്ടുന്ന വകുപ്പിന് രാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ആദ്യമാണെന്നും എന്‍ സുബ്രഹ്‌മണ്യനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ബിപി കുറഞ്ഞതുകൊണ്ടാണ് അല്പസമയം ആശുപത്രിയില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനോ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലോ അദ്ദേഹത്തിന് പേടിയില്ലെന്ന് കെ പ്രവീണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം രാജീവ് ചന്ദ്രശേഖറും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും താന്‍ പങ്കുവെച്ചത് എ ഐ ചിത്രമല്ലെന്നും എന്‍ സുബ്രമഹ്ണ്യന്‍ പറഞ്ഞു. തനിക്കെതിരെ എടുത്തത് രാഷ്ട്രീയപ്രേരിതമായ കേസാണെന്നും എന്‍ സുബ്രമഹ്ണ്യന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും എന്‍ സുബ്രമണ്യന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കുറിപ്പോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എന്നാല്‍ പ്രചരിപ്പിക്കപ്പെടുന്നത് എ ഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെ സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പൊലീസ് കേസെടുത്തത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍.സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്.