News

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഇനി മുക്കാനാവില്ല ; ഹൈക്കോടതി മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി

By vismaya

February 05, 2026

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഇനി മുക്കാനാവില്ല ; ഹൈക്കോടതി മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് കണ്ടെത്തലുകളും നടപടിപരാമര്‍ശങ്ങളും ഫലമില്ലാതെ അവസാനിക്കുന്ന പ്രവണതയ്ക്ക് ഇനി അവസാനം. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിലയിരുത്താന്‍ ഹൈക്കോടതി വ്യക്തമായ മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി. ജസ്റ്റിസ് വി. രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്.

വിജിലന്‍സ് ശുപാര്‍ശകളില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതിയെ അറിയിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ഇതിന് ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മിഷണറുടെ സേവനം ഉപയോഗപ്പെടുത്തും. വിജിലന്‍സ് എസ്.പി. വര്‍ഷത്തില്‍ നാലുതവണ ക്ഷേത്രങ്ങളില്‍ പരിശോധന നടത്തി ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഓരോ പാദവും അവസാനിച്ച് ഏഴാം ദിവസത്തിനകം റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൈമാറണം. ക്രമക്കേടുകള്‍, അനധികൃതമായി ജോലിക്ക് ഹാജരാകാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും പരാതികളും വിശദമായി പരിശോധിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഒരുമാസത്തിനകം ബോര്‍ഡ് അത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ച് വിവരം സ്‌പെഷ്യല്‍ കമ്മിഷണറെ അറിയിക്കണം.

നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടിനൊപ്പം സ്‌പെഷ്യല്‍ കമ്മിഷണര്‍ അദ്ദേഹത്തിന്റെ വിലയിരുത്തലും ചേര്‍ത്ത് ദേവസ്വം ബെഞ്ചിന് സമര്‍പ്പിക്കും. മേയ്, ഓഗസ്റ്റ്, നവംബര്‍, ഫെബ്രുവരി മാസങ്ങളുടെ മധ്യത്തില്‍ ബെഞ്ച് ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കും.

ഇതുവരെ നടപടിയില്ലാതെ പോയ നിരവധി വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ശബരിമല സ്വര്‍ണക്കൊടിമരത്തില്‍ പെയിന്റടിച്ച സംഭവം, ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ മുരാരി ബാബുവിനെതിരേ നടപടി ശുപാര്‍ശ ചെയ്ത വിഷയം, ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടിലെ ക്രമക്കേട്, നിലയ്ക്കലിലെ അന്നദാനത്തിലെ ക്രമക്കേടുകള്‍, ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വര്‍ണം മങ്ങിയ സംഭവം, വര്‍ക്കല ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വര്‍ണ ആലിലകള്‍ കാണാതായ സംഭവം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വര്‍ക്കല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തന്നെയാണു പിന്നീട് കാണാതായതെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.