അയോധ്യയില്‍ നടന്ന രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ കായിക, ചലച്ചിത്ര ലോകത്തെ പ്രമുഖരാണ് പങ്കെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണു കായിക ലോകത്തുനിന്ന് പ്രത്യേക ക്ഷണിതാക്കളായി സംബന്ധിച്ചത്. ഇതിനിടെ, മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി, ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ അസാന്നിധ്യം ചര്‍ച്ചയാകുകയാണ്.
‘ക്രിസ്മസ് ആഘോഷിക്കാം, പക്ഷെ രാമക്ഷേത്രത്തിലേക്കു പോകാന്‍ പറ്റില്ല, ഇത് ലജ്ജാകരം’ എന്നാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രാമവിഗ്രഹ പ്രതിഷ്ഠയ്ക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടും ധോണി പോയില്ലെന്നും താരം കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് ആരാധകന്‍ കുറിച്ചു.
ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്രം സന്ദര്‍ശിക്കുകയോ അതേക്കുറിച്ച് ഒന്നും എഴുതുകയോ ചെയ്യാത്ത നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്നാണ് ധോണി, കോഹ്ലി, രോഹിത് എന്നിവരെ ടാഗ് ചെയ്ത് ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചത്. ജനങ്ങള്‍ പിന്തുടരുന്ന അന്താരാഷ്ട്ര താരങ്ങളാണ് നിങ്ങള്‍. ചുരുങ്ങിയത് ഡേവിഡ് വാര്‍ണറില്‍നിന്നെങ്കിലും പഠിക്കണമെന്നും ഓസീസ് താരത്തിന്റെ രാമക്ഷേത്ര പോസ്റ്റ് ചൂണ്ടിക്കാട്ടി ആരാധകന്‍ ആവശ്യപ്പെടുന്നു.
Can celebrate Christmas but can’t go to Ram Mandir Waah re MSDK
Shame on MS DhoniDidn't reach to Ram Mandir while Ram Mandir trust invited him for Ram Mandir Pran Pratishtha.
जय श्री राम। #राममंदिर #राममंदिरप्राणप्रतिष्ठा #जय_सियाराम #जय_श्री_राम #जयश्रीराम… pic.twitter.com/CfzmfdYruB
— Janty (@Utd_janty) January 22, 2024
ജീവിതകാലത്തെ ഏറ്റവും വലിയ അവസരമാണ് ധോണി നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് മറ്റൊരു ആരാധകന്‍. റെക്കോര്‍ഡുകളും പണവും പ്രതാപവും ആഡംബരവുമൊന്നും ഒന്നുമല്ല. ശാരീരികമായി എന്ത് ഉണ്ടായാലും ആത്മീയമായി എല്ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു. വെറും പൊടിയായി മാറിയിരിക്കുന്നു അദ്ദേഹമെന്നും ആരാധകന്‍ പറഞ്ഞു.
അതേസമയം, ധോണിയുടെ ഭാര്യ സാക്ഷി സിങ്ങിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചൂണ്ടിക്കാട്ടി ഒരു വിഭാഗം താരത്തിനു പ്രതിരോധവുമായും രംഗത്തെത്തിയിട്ടുണ്ട്. രാംലല്ലയുടെ ചിത്രം സാക്ഷി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തിരുന്നു. അവര്‍ രാമനെ എത്ര സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
ധോണി ചടങ്ങില്‍ പങ്കെടുക്കാത്തത് ഒരു രാഷ്ട്രീയ പ്രസ്താവനയാണോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. ക്ഷണം ലഭിച്ചിട്ടും രാജ്യത്തെ ഏറ്റവും വലിയ യുവത്വത്തിന്റെ പ്രതീകങ്ങളായ ധോണിയും കോഹ്ലിയും ചടങ്ങില്‍ പങ്കെടുത്തില്ല. സനാതനികളായിട്ടും ചരിത്രപരമായൊരു ചടങ്ങിലാണ് ഇരുവരും സംബന്ധിക്കാത്തത്. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.
അതേസമയം ധോണിയെയും കോഹ്ലിയെയും ചടങ്ങിലേക്കു ക്ഷണിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അയോധ്യയിലെ ക്ഷേത്രത്തില്‍നിന്നുള്ള അക്ഷതം സ്വീകരിക്കുന്ന താരങ്ങളുടെ ചിത്രവും പുറത്തുവന്നിരുന്നു. വിരാട് കോഹ്ലിക്കൊപ്പം ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും അക്ഷതവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍, ഇവരാരും ചടങ്ങിനെത്തിയിരുന്നില്ല.
ജീവിതത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടൊരു അനുഭവമാണിതെന്നാണ് സച്ചിന്‍ അയോധ്യയില്‍ ടൈംസ് നൗവിനോട് പറഞ്ഞത്. ജീവിതത്തിലെ തന്നെ അപൂര്‍വനിമിഷമാണിത്. കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്‌നസാക്ഷാത്ക്കാരം. എല്ലാവരും ഇവിടെ വന്ന് അനുഗ്രഹം സ്വീകരിക്കണമെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിനു പുറമെ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സൈനാ നെഹ്‌വാള്‍, പി.ടി ഉഷ, വെങ്കിടേഷ് പ്രസാദ്, മിഥാലി രാജ് തുടങ്ങി കായികരംഗത്തുനിന്നു നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.