india

‘ദീദി ഇഡിയെ തോല്‍പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്‍ സാധിക്കട്ടെ’; മമത ബാനര്‍ജിക്ക് പിന്തുണയുമായി അഖിലേഷ് യാദവ്

By Lubna Sherin K P

January 27, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച മമതയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെയും പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ദീദി ഇഡിയെ തോല്‍പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കട്ടെ,’ എന്ന് അഖിലേഷ് യാദവ് ആശംസിച്ചു. രാജ്യത്ത് ബിജെപിയോട് നേരിട്ട് മത്സരിക്കാന്‍ കെല്‍പ്പുള്ള ശക്തയായ നേതാവാണ് മമത ബാനര്‍ജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മമത ബാനര്‍ജിയുടെ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നടപ്പിലാക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ (SIR) ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ വോട്ടുകള്‍ വെട്ടിക്കുറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നും ബംഗാളിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.