കണ്ണൂര്‍: കണ്ണൂരില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജനാടകത്തിലൂടെ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. തലശ്ശേരി സ്വദേശിയായ 77 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ചാണ് തട്ടിപ്പുകാര്‍ വയോധികനെ ഭീഷണിപ്പെടുത്തിയത്.
തുടര്‍ന്ന് അറസ്റ്റ് വാറണ്ട് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്ത്, അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ കൈവശമുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഇതുവഴി വയോധികനില്‍ നിന്ന് 45 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് സംഭവിച്ച തട്ടിപ്പ് സംബന്ധിച്ച് വയോധികന്‍ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.