ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസുകളില്‍ ഏകോപിതവും സമഗ്രവുമായ അന്വേഷണം നടത്താനുള്ള ചുമതല സുപ്രീംകോടതി സി.ബി.ഐക്ക് നല്‍കി. സംസ്ഥാനങ്ങള്‍ അന്വേഷണം അനുവദിക്കുമെന്നും പൂര്‍ണമായി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.
സൈബര്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതില്‍ എ.ഐയും മെഷീന്‍ ലേണിങ് സാങ്കേതികവിദ്യകളും ഉപയോഗിക്കാത്തതിനെ കുറിച്ച് റിസര്‍വ് ബാങ്കില്‍ നിന്ന് വിശദീകരണം തേടി കോടതി നോട്ടീസ് നല്‍കി. കൂടാതെ സംസ്ഥാന, റീജനല്‍ തലങ്ങളില്‍ സൈബര്‍ ക്രൈം കോആര്‍ഡിനേഷന്‍ സെന്ററുകള്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹരിയാനയിലെ മുതിര്‍ന്ന ദമ്പതികള്‍ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. മുതിര്‍ന്ന പൗരന്മാരാണ് കൂടുതലും തട്ടിപ്പുകാര്‍ക്ക് ഇരയാകുന്നത് എന്ന കോടതി നിരീക്ഷണം ശ്രദ്ധേയമാണ്.
സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനായി സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് ബെഞ്ച് വ്യക്തമാക്കി. പല സിം കാര്‍ഡുകള്‍ ലഭ്യമാകുന്നത് തട്ടിപ്പിന് സഹായകരമാകുന്നതിനാല്‍ ടെലികോം വകുപ്പ് കര്‍ശന നിയന്ത്രണം ഉറപ്പാക്കണം എന്നും നിര്‍ദേശം നല്‍കി.
തട്ടിപ്പുകാര്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് 3000 കോടി രൂപയിലധികം സൈബര്‍ തട്ടിപ്പ് നടന്നതായി കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി കര്‍ശന ഇടപെടല്‍ പ്രഖ്യാപിച്ചത്.
ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ ഉരുക്കുമുഷ്ടിയോടെ കൈകാര്യം ചെയ്യുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.