കൊച്ചി: നടന്‍ ദിലീപിന്റെ റിലീസ് ചിത്രമായ രാമലീലയും മഞ്ജുവാര്യറുടെ ഉദാഹരണം സുജാതയും ഒരുമിച്ച് തിയ്യേറ്ററുകളിലേക്ക്. നടി ആക്രമിക്കപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്നതിനിടെയാണ് രാമലീല പുറത്തിറങ്ങുന്നത്. ദിലീപിന്റെ അറസ്റ്റുണ്ടായതിന് ശേഷം ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു രാമലീലയുടെ റിലീസിംഗ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ ജാമ്യം വൈകുന്നതോടെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ ജോസഫാണ് സുജാത സംവിധാനം ചെയ്യുന്നത്. സുജാതയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടും നവീന്‍ ഭാസ്‌കറും ചേര്‍ന്നാണ്. ദ് സീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മഞ്ജുവിനൊപ്പം നെടുമുടി വേണു, മംമ്ത മോഹന്‍ദാസ്, ജോജു ജോര്‍ജ്, അനശ്വര, അലെന്‍സിയര്‍, സുധി കോപ്പ എന്നിവരും അഭിനയിക്കുന്നുണ്ട്. ഒട്ടേറെ തവണ റിലീസ് മാറ്റിവെച്ച ചിത്രമാണ് രാമലീല. ട്രെയിലറുകളിലൂടെയും വിവാദത്തിന് മറുപടി നല്‍കിയ ചിത്രം പുറത്തിറങ്ങുന്നത് ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് അനുകൂലികള്‍ കാണുന്നത്.

പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. 15 കോടി രൂപ ചെലവില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.