Film

ദിലീപ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ‘ഭ.ഭ.ബ’ ട്രെയ്ലര്‍ പുറത്തിറങ്ങി

By nazmiya nazreen

December 11, 2025

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 18ന് ആഗോള റിലീസായി എത്തും. മാസ്, കോമഡി, ആക്ഷന്‍ എന്റര്‍ടൈന്‍മെന്റായി എത്തുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും അഭിനയിക്കുന്നു.

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തകര്‍പ്പന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്നത് ട്രെയ്ലറിലെ പ്രധാന ഹൈലൈറ്റാണ്. ‘വേള്‍ഡ് ഓഫ് മാഡ്നെസ’ എന്ന ടാഗ്ലൈനോടെയുളള ചിത്രം ‘ഭയം, ഭക്തി, ബഹുമാനം’ എന്നതിന്റെ ചുരുക്ക രൂപമായ ‘ഭ.ഭ.ബ’ എന്ന പേരിലാണ് എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.

പുതിയ ട്രെയ്ലറും ആവേശകരമായ പ്രതികരണം നേടി. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ്സിലി, ഷമീര്‍ ഖാന്‍, ശരണ്യ പൊന്‍വണ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി, കൊച്ചി തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിച്ചു.

ഛായാഗ്രഹണം അര്‍മോ, സംഗീതം ഷാന്‍ റഹ്‌മാന്‍, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം നിമേഷ് താനൂര്‍ എന്നിവരാണ്. ആക്ഷന്‍ രംഗങ്ങള്‍ കലൈ കിങ്സണ്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ ഡ്രീം ബിഗ് ഫിലിംസും വിദേശ വിതരണം ഫാര്‍സ് ഫിലിംസും ഏറ്റെടുത്തിട്ടുണ്ട്. പ്രമോഷന്‍സ് സ്നേക്ക് പ്ലാന്റ് എല്‍എല്‍പി, പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. ആക്ഷന്‍, കോമഡി, ഗാനങ്ങള്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി തയ്യാറാക്കിയ ഈ ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന പൂര്‍ണ്ണ ആഘോഷ എന്റര്‍ടൈനെറായി ട്രെയ്ലര്‍ സൂചിപ്പിക്കുന്നു.