kerala

സത്യപ്രതിജ്ഞയ്‌ക്ക് മോഹൻലാലിന് നേരിട്ട് ക്ഷണം

By webdesk13

June 09, 2024

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിനും ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാലിനെ നേരിട്ട് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ പങ്കെടുക്കുന്നതില്‍ മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്.

അതേസമയം സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കരാര്‍ ഒപ്പിട്ട 4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവില്‍ തിരുവനന്തപുരത്ത് തുടരുകയാണ്.

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങില്‍ പങ്കെടുക്കും.