തിരുവനന്തപുരം: പ്രമുഖ ടെലിഫിലിം സംവിധായകന്‍ കൊമ്പനാല്‍ ജയന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പൊലീസിന്. സുഹൃത്ത് ജോബിയുമായുണ്ടായ വാക്കു തര്‍ക്കമാണ് ജയന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ഇന്നലെ പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ജോബിയെ ഇന്നു കോതമംഗലം കോടതിയില്‍ ഹാജരാക്കും. അതേസമയം കൊല്ലപ്പെട്ട ജയന്റെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടം ചെയ്യും. മൂന്നു നില കെട്ടിടത്തിലെ വാടകവീട്ടിലാണ് ഇന്നലെ പുലര്‍ച്ചെയാണ് ജയനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടത്. ഭാര്യമാരുമായി പിണങ്ങി കഴിഞ്ഞിരുന്ന ജയനും ജോബിയും ഏറെ നാളായി ഒന്നിച്ചാണ് താമസം. ജയന്‍ മറ്റ് ജോലികള്‍ക്കൊന്നും പോകാതെ ജോബിയുടെ ചെലവിലാണ് കഴിഞ്ഞിരുന്നത്. മദ്യപിക്കുന്നതിനിടെ ഇതിലെ അതൃപ്തി ജോബി ജയനോട് സൂചിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രശ്‌നമുണ്ടാക്കുന്നതായി പറഞ്ഞതോടെ ജയന്‍ കയര്‍ത്തു സംസാരിച്ചതായി ജോബി പറഞ്ഞു. പിന്നീട് വാക്കുതര്‍ക്കമായി. ജയന്‍ കത്തി വീശി. ഇത് തന്റെ നെറ്റിയില്‍ കൊണ്ടു മുറിവേറ്റതോടെ സമനില നഷ്ടമായി. പിന്നെ കറിക്കത്തിയെടുത്ത് കഴുത്തില്‍ വെട്ടി. മറിഞ്ഞു വീണ ജയന്റെ പുറത്ത് കയറിയിരുന്ന് തലയറുത്തെടുത്തു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അതേ മുറിയില്‍ കിടന്നുറങ്ങി. പിന്നീട് സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ കീഴടങ്ങിയതെന്നും ജോബി പൊലീസിനോട് പറഞ്ഞു.